കൊൽക്കത്ത: കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് നടപടികൾ സ്വീകരിക്കുകയാണെന്ന് മമത ആരോപിച്ചു. തൻ്റെ വസതിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഉണ്ടായ അക്രമ സംഭവങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരായ നടപടികളും ചൂണ്ടിക്കാട്ടിയാണ് മമത സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ ആശയങ്ങളെയും തകർക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
യോഗത്തിൽ ലോക്സഭാ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയും പങ്കെടുത്തു. ബിജെപി സർക്കാരിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കൊൽക്കത്തയിലെ തന്റെ വീടിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയ സംഭവവും അഭിഷേക് പരാമർശിച്ചു.
“വീട് പൊളിച്ചാലും നോട്ടീസ് നൽകിയാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല” എന്നാണ് അഭിഷേക് ബാനർജി പ്രതികരിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അതേസമയം, തെരുവ് കച്ചവടക്കാരെ ബലമായി ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. മെയ് 21ന് ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികൾ നടക്കും.

