Home Top Stories16-ാം കേരള നിയമസഭയ്ക്ക് ഇന്ന് തുടക്കം; അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ മുതൽ

16-ാം കേരള നിയമസഭയ്ക്ക് ഇന്ന് തുടക്കം; അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ മുതൽ

by news_desk1
0 comments

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അംഗത്വം ഏറ്റെടുക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിലായിരിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞ.

പ്രോ ടേം സ്പീക്കറായി നിയോഗിക്കപ്പെട്ട ജി സുധാകരൻ ഇന്നലെ ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന മുതിർന്ന അംഗമെന്ന നിലയിലാണ് അദ്ദേഹത്തെ ഈ ചുമതലയിലേക്ക് തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികൾ പ്രോ ടേം സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല.

അതേസമയം, പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും അന്തിമ തീരുമാനം ആയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ചുമതലയേറ്റ മന്ത്രിമാർ ഉടൻ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് പ്രവർത്തനം ആരംഭിക്കും.

ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം വിലയിരുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ഡിജിപി മുതൽ ജില്ലാ പൊലീസ് മേധാവികൾ വരെ പങ്കെടുക്കും. ക്രമസമാധാനം, ലഹരിവിരുദ്ധ നടപടികൾ, ഗുണ്ടാ ആക്രമണങ്ങൾ, പൊലീസ് പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും.

മന്ത്രിമാരുടെ വകുപ്പ് വിഭജനം

  • വി ഡി സതീശൻ — പൊതുഭരണം, ധനം, നിയമം, തുറമുഖം
  • രമേശ് ചെന്നിത്തല — ആഭ്യന്തരം, വിജിലൻസ്
  • സണ്ണി ജോസഫ് — വൈദ്യുതി, പരിസ്ഥിതി
  • കെ മുരളീധരൻ — ആരോഗ്യം, ദേവസ്വം
  • എ പി അനിൽകുമാർ — റവന്യൂ
  • പി സി വിഷ്ണുനാഥ് — ടൂറിസം, സാംസ്കാരികം
  • എം ലിജു — എക്സൈസ്, സഹകരണം
  • റോജി എം ജോൺ — ഉന്നത വിദ്യാഭ്യാസം
  • ടി സിദ്ദിഖ് — കൃഷി
  • കെ എ തുളസി — പിന്നാക്ക ക്ഷേമം
  • ബിന്ദു കൃഷ്ണ — വനിതാ-ശിശുക്ഷേമം, തൊഴിൽ
  • ഒ ജെ ജനീഷ് — കായികം, യുവജനക്ഷേമം
  • പി കെ കുഞ്ഞാലിക്കുട്ടി — വ്യവസായം, ഐടി
  • എൻ ഷംസുദ്ദീൻ — പൊതുവിദ്യാഭ്യാസം
  • കെ എം ഷാജി — തദ്ദേശസ്വയംഭരണം
  • പി കെ ബഷീർ — പൊതുമരാമത്ത്
  • വി ഇ അബ്ദുൾ ഗഫൂർ — ഫിഷറീസ്
  • മോൻസ് ജോസഫ് — ജലസേചനം
  • അനൂപ് ജേക്കബ് — ഭക്ഷ്യ-സിവിൽ സപ്ലൈസ്
  • ഷിബു ബേബി ജോൺ — വനം
  • സി പി ജോൺ — ഗതാഗതം

You may also like