Home Sportsറിസ്‌വാന് പുറത്തേക്ക്, ബാബര്‍ അസത്തിന് തിരിച്ചുവരവ്; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

റിസ്‌വാന് പുറത്തേക്ക്, ബാബര്‍ അസത്തിന് തിരിച്ചുവരവ്; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

by news_desk1
0 comments

ലാഹോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ ഒഴിവാക്കിയപ്പോള്‍, മുന്‍ നായകന്‍ ബാബര്‍ അസം ടീമിലേക്ക് തിരിച്ചെത്തി. മേയ് 30 മുതല്‍ ജൂണ്‍ 4 വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നടക്കും. ഇടംകൈ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുക.

ടീമിന്റെ ബാറ്റിങ് സമീപനത്തില്‍ മാറ്റം കൊണ്ടുവരുന്നതിന്റെയും കൂടുതല്‍ ആക്രമണാത്മക ശൈലി സ്വീകരിക്കുന്നതിന്റെയും ഭാഗമായാണ് മുഹമ്മദ് റിസ്‌വാനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസ്‌വാന്റെ സ്ഥാനത്ത് വിക്കറ്റ് കീപ്പറായി ഉസ്മാന്‍ ഖാനെ ഉള്‍പ്പെടുത്തി. യുവതാരം മിര്‍സ സാദ് ബെയ്ഗിനും ടീമില്‍ ഇടം ലഭിച്ചു.

കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമില്‍ നിന്ന് പുറത്തായിരുന്ന ബാബര്‍ അസത്തിനാണ് ഇത്തവണ തിരിച്ചുവരവ്. ഓപ്പണര്‍മാരായ സയ്യിം അയൂബിനും ഫഖര്‍ സമാനും പരിക്കേറ്റത് ബാബറുടെ മടങ്ങിവരവിന് വഴിയൊരുക്കി.

മോശം പ്രകടനത്തെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍മാരായ ഫഹീം അഷ്‌റഫിനെയും ഹുസൈന്‍ തലത്തിനെയും ഒഴിവാക്കി. പകരം ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ യുവ പേസര്‍ ഹുനൈന്‍ ഷായെ ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍ സൂഫിയാന്‍ മുഖീമും യുവ പേസര്‍ അലി റാസയും ബൗളിങ് നിരയ്ക്ക് കരുത്തേകും.

പാകിസ്ഥാന്‍ ടീം:
ഷഹീന്‍ ഷാ അഫ്രീദി (നായകന്‍), സല്‍മാന്‍ അലി ആഗ, അബ്ദുല്‍ സമദ്, അബ്രാര്‍ അഹമ്മദ്, അഹമ്മദ് ഡാനിയല്‍, അറഫാത്ത് മിന്‍ഹാസ്, ബാബര്‍ അസം, ഹാരിസ് റൗഫ്, മാസ് സദാഖത്, മുഹമ്മദ് ഗാസി ഘോരി, നസീം ഷാ, റൊഹൈല്‍ നസീര്‍, സാഹിബ്സാദ ഫര്‍ഹാന്‍, ഷദാബ് ഖാന്‍, ഷാമില്‍ ഹുസൈന്‍, സൂഫിയാന്‍ മുഖീം.

You may also like