Home Kerala‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മാല പാർവതി

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മാല പാർവതി

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നടി മാല പാർവതി രംഗത്ത്. സംഘടനയുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും നിലവിലെ നേതൃത്വത്തോട് നിരാശയുണ്ടെന്നും അവർ പ്രതികരിച്ചു.

പ്രസിഡന്റും ജനറൽ സെക്രട്ടറിയും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നാണ് മാല പാർവതിയുടെ വിമർശനം. സംഘടനയിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകിടക്കുന്ന സാഹചര്യമാണുള്ളതെന്നും നിലവിലെ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനറൽ ബോഡി വിളിച്ചുചേർത്ത് പുതിയ നേതൃത്വത്തിന് അവസരം നൽകണമെന്നാണ് അവരുടെ അഭിപ്രായം. വനിതാ നേതൃത്വം വേണമെന്ന നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും നിലവിലെ പ്രവർത്തനരീതിയിൽ നിരാശയുണ്ടായെന്നും അവർ പറഞ്ഞു.

അംഗങ്ങൾക്ക് സംഘടനയുടെ കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതിനുപകരം മറ്റ് മാർഗങ്ങളിലൂടെയാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും സംഘടനയുടെ ഭരണനിർവഹണത്തിൽ വ്യക്തതയില്ലെന്നും മാല പാർവതി ആരോപിച്ചു.

സംഘടനയ്ക്കുള്ളിൽ ഉയർന്ന പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നും സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന സമീപനം കാണുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രവർത്തനരീതിയെക്കുറിച്ച് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും മാല പാർവതി കൂട്ടിച്ചേർത്തു.

സംഘടനയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സമഗ്രമായ പുനഃസംഘടന ആവശ്യമാണെന്നും മുഴുവൻ ഭരണസമിതിയും ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

You may also like