ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ബോംബ് നിർമാണത്തിനും ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓൺലൈൻ സഹായങ്ങൾ ഉപയോഗിച്ചതായി എൻഐഎ. കേസിൽ 7500 പേജുള്ള വിശദമായ കുറ്റപത്രമാണ് ഡൽഹി എൻഐഎ കോടതിയിൽ സമർപ്പിച്ചത്.
പ്രതികൾ ഐഇഡി (Improvised Explosive Device) നിർമ്മിക്കുകയും ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ക്വാസിഗണ്ട് വനപ്രദേശത്ത് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. “ഒരു റോക്കറ്റ് എങ്ങനെ നിർമ്മിക്കാം”, “മിശ്രിതങ്ങളുടെ അനുപാതം” തുടങ്ങിയ വിവരങ്ങൾ പ്രതികൾ യൂട്യൂബിലും ചാറ്റ്ജിപിടിയിലും തിരഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികളിൽ ഒരാൾ അൽഖൊയ്ദയുമായി ബന്ധമുള്ള അൻസർ ഖസ്വത് ഉൽ ഹിന്ദ് സംഘത്തിലെ ‘ഇൻ-ഹൗസ് എഞ്ചിനീയർ’ ആയി പ്രവർത്തിച്ചിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. മുഖ്യ ആസൂത്രകനായ ജാസിർ ബിലാൽ വാനി 2024–25 കാലയളവിൽ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാ സർവകലാശാല ക്യാമ്പസിൽ എത്തിയതായും സാങ്കേതിക സഹായങ്ങൾ നൽകിയതായും എൻഐഎ ആരോപിക്കുന്നു.
പൊടിച്ച പഞ്ചസാര, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ വസ്തുക്കൾ ഉൾപ്പെടെ ഐഇഡി നിർമ്മാണത്തിനായി ആവശ്യമായ സാമഗ്രികൾ ഡോ. അദീൽ അഹ്മദ് റാത്തർ വഴി ലഭ്യമാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു. ഇവ ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വാങ്ങിയതായും രേഖകളുണ്ട്.
കശ്മീരിലെ അനന്ത്നാഗ് മേഖലയിലെ കാട്ടുപ്രദേശങ്ങളിൽ വിവിധതരം ഐഇഡികളും സിലിണ്ടർ അടിസ്ഥാനത്തിലുള്ള സ്ഫോടക ഉപകരണങ്ങളും പരീക്ഷിച്ചതായി എൻഐഎ കണ്ടെത്തി. ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതികളും പ്രതികൾക്ക് ഉണ്ടായിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു.
2025 നവംബർ 10-നാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നത്. 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് മുമ്പ് ഫരീദാബാദിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയതും കേസുമായി ബന്ധപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.

