തൃശൂർ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘത്തിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ഭക്തർക്ക് ദർശനം നടത്താൻ കഴിയാതെ പോയെന്ന പരാതികളിൽ അന്വേഷണം നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് അറിയിച്ചു.
അവധി ദിവസങ്ങളിൽ വിഐപി ദർശനം അനുവദിക്കരുതെന്നാണ് ഹൈക്കോടതി നിർദേശമെങ്കിലും, മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി നിലവിൽ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പേർക്ക് തൊഴാൻ കഴിയാതെ പോയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ചെയർമാൻ അറിയിച്ചു. മുഖ്യമന്ത്രി നെയ്വിളക്കുമായി എത്തി ആചാരപരമായ രീതിയിൽ ദർശനം നടത്തിയതാണോ എന്നതും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. ക്ഷേത്രപരിസരത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുമെന്നും, ചില ഓൺലൈൻ മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ പ്രതികരിച്ചു.

