ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന നടപടികൾക്ക് തുടക്കമിട്ട് വിജയ്. കർഷകർ, വിദ്യാർത്ഥികൾ, സിനിമാ മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള നിർണായക പ്രഖ്യാപനങ്ങളാണ് സർക്കാർ പുറത്തുവിട്ടത്.
ചെറുകിട കർഷകർക്ക് ആശ്വാസമായി അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് വായ്പയിൽ 50 ശതമാനം ഇളവും അനുവദിക്കും.
കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില വർധിപ്പിക്കാനും തീരുമാനമായി.
സിനിമാ മേഖലയ്ക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം വർധിപ്പിക്കുന്നതിനൊപ്പം, റിലീസ് ചെയ്ത ചിത്രങ്ങൾക്ക് ആദ്യ ഒരാഴ്ച ദിവസവും അഞ്ച് ഷോകൾ വരെ നടത്താൻ അനുമതി നൽകി. ഇതിലൂടെ സിനിമാ മേഖലയിലെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ രംഗത്തും പുതിയ പ്രഖ്യാപനമുണ്ട്. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിത കാർഷിക തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ജനസേവനമാണ് ഭരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.

