മലപ്പുറം: സംസ്ഥാനത്തിന്റെ ഭാവി ഗതാഗത വികസനത്തിന് നിർണായകമായേക്കാവുന്ന അതിവേഗ റെയിൽ പദ്ധതിയിൽ പുതിയ ചർച്ചകൾക്ക് തുടക്കമാകുന്നു. കെ-റെയിൽ പദ്ധതി അവസാനിപ്പിച്ചതിന് പിന്നാലെ, മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ ആശയവുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊന്നാനി എംഎൽഎ കെ പി നൗഷാദലി ഇ ശ്രീധരന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കുശേഷം, സർക്കാർ ആവശ്യപ്പെട്ടാൽ പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി. സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി സമീപനം വേണമെന്ന നിലപാടാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം എംഎൽഎയും പങ്കുവച്ചത്.
വൈകാതെ മുഖ്യമന്ത്രിയും ഇ ശ്രീധരനും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിനിടെ, അതിവേഗ റെയിൽ പദ്ധതിയുടെ പ്രാഥമിക രൂപരേഖയും സാങ്കേതിക നിർദേശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാൻ ഇ ശ്രീധരൻ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
സംസ്ഥാനത്തിനകത്തെ പ്രധാന നഗരങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഗതാഗത സംവിധാനമാണ് ഇ ശ്രീധരൻ മുമ്പ് മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തെ കേന്ദ്ര ബജറ്റിൽ പ്രത്യേക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചാൽ കേന്ദ്രതലത്തിലും തുടർനടപടികൾക്ക് സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഭരണനടപടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിക്കായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സർവേ അടയാളക്കല്ലുകൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകളും റദ്ദാക്കി.
സംസ്ഥാനത്തിന്റെ ഭാവി അടിസ്ഥാനസൗകര്യ വികസനത്തിൽ പുതിയ അധ്യായത്തിന് വഴിയൊരുക്കുന്ന ചർച്ചകളായാണ് പുതിയ നീക്കങ്ങളെ വിലയിരുത്തുന്നത്.

