Home Keralaസർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയിലൂടെ മുട്ട്-ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 10 രോഗികൾക്ക് ആശ്വാസം

സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയിലൂടെ മുട്ട്-ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 10 രോഗികൾക്ക് ആശ്വാസം

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ റോബോട്ടിക് സർജറി വഴി പത്തുപേർക്ക് വിജയകരമായി മുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. സംസ്ഥാനത്തെ സർക്കാർ മേഖലയിലാദ്യമായാണ് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചികിത്സ നടപ്പാക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി കൊണ്ടുവന്ന റോബോട്ടിക് ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയകൾ നടത്തിയത്. മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുമാണ് രോഗികളെ വിധേയരാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ എല്ലാ രോഗികൾക്കും മികച്ച ആരോഗ്യ പുരോഗതി കൈവന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി സൂപ്രണ്ടിന്റെയും മറ്റ് മേലധികാരികളുടെയും അനുമതിയോടെയായിരുന്നു ശസ്ത്രക്രിയകൾ നടത്തിയത്. സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി ഉപകരണങ്ങൾ സ്ഥിരമായി ലഭ്യമാക്കിയാൽ രോഗികൾക്ക് കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും ചികിത്സ നൽകാൻ കഴിയുമെന്ന് ഈ ശസ്ത്രക്രിയകൾ തെളിയിക്കുന്നുവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ നടന്നത്. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ശോഭ, ഡോ. ധന്യ, ഡോ. രാധിക, റേഡിയോളജി വിഭാഗം മേധാവി ഡോ. ജയശ്രീ, സൂരജ് എന്നിവർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയയിൽ പങ്കെടുത്തു.

സർജിക്കൽ ടീമംഗങ്ങളായ ഡോ. വിനേഷ് സേനൻ, ഡോ. അശോക്, ഡോ. ഷിബു, ഡോ. ദേവസുമൻ, നഴ്സുമാരായ രമ്യ, ശ്രീജ എന്നിവർക്കൊപ്പം മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളും ശസ്ത്രക്രിയ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടമെന്നാണ് വിലയിരുത്തൽ.

You may also like