Home Top Storiesസിഎംആര്‍എല്‍ ഹര്‍ജിക്കെതിരെ ഇഡി ശക്തമായി രംഗത്ത്; ‘അനധികൃത ഇടപാടുകള്‍ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചു’

സിഎംആര്‍എല്‍ ഹര്‍ജിക്കെതിരെ ഇഡി ശക്തമായി രംഗത്ത്; ‘അനധികൃത ഇടപാടുകള്‍ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചു’

by news_desk1
0 comments

കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതിയെ സമീപിച്ച സിഎംആര്‍എല്‍ അധികൃതരുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളും ഉദ്യോഗസ്ഥരുടെ പ്രധാന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

അന്വേഷണത്തിനിടെ ലഭിച്ച രേഖകളും മൊഴികളും കേസില്‍ നിര്‍ണായകമാണെന്നും, അവ ഹൈക്കോടതിക്ക് സീല്‍ഡ് കവറില്‍ സമര്‍പ്പിക്കുമെന്നും ഇഡി അറിയിച്ചു. സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്. കര്‍ത്തയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം തടസപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് കമ്പനി നടത്തുന്നതെന്നാണ് ഇഡിയുടെ ആരോപണം. റെയ്ഡിനിടെ ലഭിച്ച തെളിവുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവയും കോടതിയെ അറിയിക്കാനാണ് അന്വേഷണ ഏജന്‍സിയുടെ തീരുമാനം.

വീണ വിജയന്റെ ലോക്കര്‍ പരിശോധിക്കാനൊരുങ്ങി ഇഡി

കേസുമായി ബന്ധപ്പെട്ട് എക്‌സാലോജിക് ഡയറക്ടര്‍ വീണ വിജയന്റെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ തുറന്ന് പരിശോധിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ വിശദീകരണം തേടി വീണ വിജയന് വീണ്ടും സമന്‍സ് അയക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്.

ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത് സിഎംആര്‍എല്‍

ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം നടത്താന്‍ കഴിയില്ലെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്റെ ഘടകങ്ങള്‍ കേസിലില്ലെന്നുമാണ് കമ്പനിയുടെ വാദം. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി വിധിക്ക് പിന്നാലെ വ്യാപക റെയ്ഡുകള്‍

സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണ് അന്വേഷണം ശക്തമായത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം, കണ്ണൂര്‍ വസതികള്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വസതി, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ് എന്നിവ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയനില്‍നിന്നും മറ്റ് ബന്ധപ്പെട്ടവരില്‍നിന്നും മൊഴി രേഖപ്പെടുത്തിയ ഇഡി, ബാങ്ക് ഇടപാട് രേഖകളും ശേഖരിച്ചു. തുടര്‍ന്ന് വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ 242 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

കേസിലെ തുടര്‍നടപടികളും ഹൈക്കോടതിയുടെ നിലപാടും രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ വലിയ ശ്രദ്ധയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

You may also like