Home Top Storiesഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ‘സിൽവർലൈൻ മാതൃകയിലെ പ്രതിഷേധം വീണ്ടും ഉണ്ടാകും’

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ സമിതി; ‘സിൽവർലൈൻ മാതൃകയിലെ പ്രതിഷേധം വീണ്ടും ഉണ്ടാകും’

by news_desk1
0 comments

കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി കെ-റെയിൽ വിരുദ്ധ സമിതി. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പദ്ധതിയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി. നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് കേരളത്തിന് കൂടുതൽ പ്രായോഗികമായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ബ്രോഡ് ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ മറ്റ് സംവിധാനങ്ങളിലേക്കോ മാറേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്താൻ സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തുന്നു. നിലവിലെ റെയിൽപാതകളിൽ തന്നെ ഉയർന്ന വേഗതയിൽ സർവീസ് നടത്താൻ കഴിയുമെന്ന് വന്ദേഭാരത് ട്രെയിനുകളുടെ പ്രവർത്തനം തെളിയിച്ചിട്ടുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നതുപോലുള്ള ജനകീയ സമരം വീണ്ടും കേരളം കാണേണ്ടിവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ഇതിനിടെ, അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപാതയുടെ കരട് പദ്ധതി റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് വിവരം.

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ അതിവേഗ റെയിൽപാത നിർദേശവുമായി ഇ. ശ്രീധരൻ രംഗത്തെത്തിയത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാതയാണ് നിർദേശിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ തിരുവനന്തപുരം–കണ്ണൂർ യാത്രാസമയം മൂന്നര മണിക്കൂറായി ചുരുങ്ങുമെന്നാണ് കണക്കുകൂട്ടൽ.

12 ബോഗികളുള്ള ട്രെയിനിൽ ഒരേസമയം 800 യാത്രക്കാർക്ക് സഞ്ചരിക്കാനാകുമെന്നും നാല് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ ഇതുവരെ എടുത്തിട്ടില്ല. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

You may also like