ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ജൂനിയർ ടെലികോം ഓഫീസർ (ജെടിഒ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 4 മുതൽ ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, റേഡിയോ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദമോ തത്തുല്യ എൻജിനീയറിങ് യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. കൂടാതെ ഇലക്ട്രോണിക്സിലോ കമ്പ്യൂട്ടർ സയൻസിലോ എം.എസ്.സി ബിരുദമുള്ളവർക്കും അവസരമുണ്ട്.
പരാമർശിച്ച വിഷയങ്ങളിൽ എം.ടെക് യോഗ്യത നേടിയവർക്കും നേരിട്ടുള്ള റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് നിറങ്ങൾ വ്യക്തമായി തിരിച്ചറിയാനുള്ള കഴിവും ഇരുകണ്ണുകൾക്കും മതിയായ കാഴ്ചശേഷിയും ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 120 ചോദ്യങ്ങളുണ്ടാകും. മൊത്തം 480 മാർക്കാണ് പരീക്ഷയ്ക്ക്. എൻജിനീയറിങ് വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ട് വിഭാഗങ്ങളിലായി 100 ചോദ്യങ്ങളും ജനറൽ അബിലിറ്റി ടെസ്റ്റിൽ 20 ചോദ്യങ്ങളുമാണ് ഉൾപ്പെടുന്നത്.
ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് ലഭിക്കും. തെറ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് വീതം കുറയ്ക്കുന്ന നെഗറ്റീവ് മാർക്കിംഗ് സംവിധാനവും നിലവിലുണ്ട്.
അപേക്ഷാ നടപടിക്രമങ്ങൾ, പരീക്ഷാ വിവരങ്ങൾ, ഒഴിവുകളുടെ വിശദാംശങ്ങൾ എന്നിവ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

