തിരുവനന്തപുരം: വിവാദമായ സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ മൊഴി നൽകിയവരിൽ നിന്ന് വിവരങ്ങൾ തേടാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരിൽ നിന്നാണ് അന്വേഷണ സംഘം അടിയന്തരമായി വിശദാംശങ്ങൾ ശേഖരിക്കുന്നത്. സി.എം.ആർ.എൽ എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ ഡയറിയിലെ യു.ഡി.എഫ് നേതാക്കളുടെ വിവരങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ കേസിൽ സർക്കാർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി പി. എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനായി എസ്.ഐ.ടി വിളിപ്പിക്കും. ഇ.ഡിയുടെ കൈവശമുള്ള കൂടുതൽ വിവരങ്ങളും രേഖകളും ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴിയെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. നിലവിൽ കേസിൽ പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ വ്യക്തമായാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്ത് മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള പ്രാഥമിക അന്വേഷണ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അന്വേഷണത്തിൽ വ്യക്തത വരികയോ കേസെടുക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് ധാരണ. എന്നാൽ അന്വേഷണ പ്രഖ്യാപനത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്താനാണ് സി.പി.ഐ.എം നീക്കം. അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ശശിധരൻ കർത്തായുടെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് പാർട്ടി
