Home Kerala‘പാർട്ടിയിലുണ്ടായിരുന്നപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാൽ പലതും തുറന്നുപറയും’; ജി. സുധാകരന് മുന്നറിയിപ്പുമായി എ. ഷാനവാസ്

‘പാർട്ടിയിലുണ്ടായിരുന്നപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാൽ പലതും തുറന്നുപറയും’; ജി. സുധാകരന് മുന്നറിയിപ്പുമായി എ. ഷാനവാസ്

by news_desk
0 comments

ആലപ്പുഴ: തനിക്കെതിരായ ആക്ഷേപങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ജി. സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തുമെന്ന മുന്നറിയിപ്പുമായി സി.പി.ഐ.എം നേതാവ് എ. ഷാനവാസ്. പാർട്ടിയിലുണ്ടായിരുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും സുധാകരൻ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അപമാനിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഷാനവാസ് പറഞ്ഞു. തനിക്കെതിരെ നിരന്തരം ലഹരിക്കടത്ത് ആരോപണം ഉന്നയിക്കുന്നതിനെതിരെ സുധാകരന് അയച്ച ഒരു കോടി രൂപയുടെ മാനനഷ്ട നോട്ടീസിന് പിന്നാലെയാണ് പ്രതികരണം.

താൻ ലഹരിക്കടത്തുകാരനാണെന്ന ആക്ഷേപം പച്ചക്കള്ളമാണെന്നും അത് തെളിയിക്കാൻ സുധാകരനെ വെല്ലുവിളിക്കുന്നുവെന്നും ഷാനവാസ് വ്യക്തമാക്കി. “മാനമെന്നത് എല്ലാവർക്കും ഒരുപോലെയാണ്. സുധാകരനെ കുറിച്ച് കൂടുതൽ പറയാൻ പോയാൽ അത് വളരെ മോശമാകും. അദ്ദേഹത്തിന്റെ ശബ്ദരേഖകൾ അടക്കമുള്ള തെളിവുകൾ കൈവശമുണ്ട്. ഈ പാർട്ടിയിൽ നിന്ന് പലരെയും കൊണ്ട് പലതും ചെയ്യിപ്പിച്ചിരുന്നത് അദ്ദേഹമാണ്. ചില ഘട്ടങ്ങളിൽ അതിൽ പങ്കാളികളാകേണ്ടി വന്നതിൽ ഇന്ന് വലിയ കുറ്റബോധവും സങ്കടവുമുണ്ട്,” ഷാനവാസ് ചൂണ്ടിക്കാട്ടി.

സുധാകരൻ ഇപ്പോഴും പൊതുവേദികളിൽ തനിക്കെതിരെ ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും ഷാനവാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ വരും ദിവസങ്ങളിൽ ആലപ്പുഴയിലെ സി.പി.ഐ.എം രാഷ്ട്രീയത്തിൽ വാക്പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.

You may also like