ലഖ്‌നൗ: ഉത്തർപ്രദേശിൽ 24 വയസ്സുള്ള ഹരിയാന സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് യു.പി പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സി.ആർ.പി.എഫ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ്, യു.പി പൊലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ് എന്നിവരെയാണ് അടിയന്തരമായി പൊലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ ഉമേഷ് കുമാറിന്റെ അമ്രോഹ ജില്ലയിലുള്ള ഫാം ഹൗസിൽ വെച്ചായിരുന്നു സംഭവം.
സെപ്റ്റംബർ 21-ന് സോണിപത്തിൽ വെച്ച് മോഹിത്തുമായി കണ്ടുമുട്ടിയ യുവതിയെ ആരാധനാലയങ്ങൾ സന്ദർശിക്കാമെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയത്. തുടർന്ന് മീററ്റിൽ വെച്ച് ലാലാറാം യാദവും സംഘത്തോടൊപ്പം ചേർന്നു. സെപ്റ്റംബർ 22-ന് വൈകുന്നേരത്തോടെ യുവതിയെ കാറിൽ ഹസൻപൂരിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് എസ്.ഐ സഞ്ജയ് തോമർ കാറിൽ കയറിയത്. തുടർന്ന് അത്രാസി-ഹസൻപൂർ റോഡിലെ ഫാം ഹൗസിലെത്തിച്ച യുവതിയെ മോഹിത്, യാദവ്, തോമർ എന്നിവർ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ പ്രമോദാണ് ഇവർക്ക് ഭക്ഷണവും മദ്യവും എത്തിച്ചുനൽകിയത്.
പീഡനത്തിന് ശേഷം പ്രമോദ് ഉപദ്രവിക്കാൻ ശ്രമിക്കവെ അയാളെ തള്ളിമാറ്റി മുറി ഉള്ളിൽ നിന്ന് പൂട്ടിയ യുവതി, പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഹസൻപൂർ, രാജബ്പൂർ പൊലീസ് സ്റ്റേഷൻ സംഘങ്ങൾ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയും നാല് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യങ്ങളിൽ അധിഷ്ഠിതമായ ഭരണം നടക്കുമ്പോൾ പൊലീസ് സേനയും അഴിമതി നിറഞ്ഞതായി മാറുമെന്നതിന് തെളിവാണ് ഇതെന്ന വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.
