കൊച്ചി: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഉറ്റുനോക്കുന്ന ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ സമയപരിധി അവസാനിച്ചിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിൽ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് റിപ്പോർട്ട് തയാറാകാത്ത വിവരം പുറത്തുവരുന്നത്. ഇനി ലഭിക്കാനുള്ള ഫോറൻസിക് പരിശോധനാഫലം വൈകുന്നതാണ് അന്തിമ റിപ്പോർട്ട് വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസ് അടുത്ത മാസം ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ, കോടതി നിർദേശിച്ച സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ വ്യക്തമായ മറുപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മുൻ ദേവസ്വം അധികൃതർ ഉൾപ്പെടെ 15 പേർ പ്രതിപ്പട്ടികയിലുള്ള അതീവ ഗൗരവമുള്ള കേസാണിത്. ഇതിൽ 13 പേർക്കെതിരെയും കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ പ്രോസിക്യൂഷൻ അനുമതിക്കായി പോലും എസ്.ഐ.ടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നത് അന്വേഷണ സംഘത്തിനെതിരെയുള്ള വിമർശനങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
