Home Top Storiesഅര്‍ഷിദിന്റെ മരണത്തിന് പിന്നില്‍ നീണ്ടുനിന്ന ക്രൂര പീഡനം; ശരീരത്തില്‍ 51 മുറിവുകളും ഒടിവുകളും കണ്ടെത്തി

അര്‍ഷിദിന്റെ മരണത്തിന് പിന്നില്‍ നീണ്ടുനിന്ന ക്രൂര പീഡനം; ശരീരത്തില്‍ 51 മുറിവുകളും ഒടിവുകളും കണ്ടെത്തി

by news_desk1
0 comments

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. കുഞ്ഞ് ദീര്‍ഘനാളായി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകള്‍ കണ്ടെത്തിയതായും ഇവയില്‍ പലതും പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവുണ്ടായിരുന്നതായും ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ പരിക്കേറ്റതായും കണ്ടെത്തി. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതവും നിരന്തരമായ മര്‍ദ്ദനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തില്‍ അമ്മയുടെ പങ്കാളിയായ അഷ്‌കര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കുഞ്ഞിന് ബോധം നഷ്ടമായതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തലയ്ക്ക് പിന്നില്‍ ഗുരുതരമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ മൊഴിയും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും പരിശോധിച്ച പൊലീസ്, ദീര്‍ഘകാലമായി കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കൈകളിലെ ഒടിവുകള്‍ ആക്രമണത്തിന്റെ ഫലമാണോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. കേസില്‍ അമ്മ അഖിലയുടെ പങ്കും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്കായി പോയിരുന്ന സമയത്താണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദ്ദിച്ചുവെന്നായിരുന്നു അഷ്‌കറിന്റെ വിശദീകരണം. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായി നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തെ തുടര്‍ന്ന് അഖിലയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ കുടുംബത്തിന് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അതിന് മുമ്പേ ദാരുണ സംഭവം അരങ്ങേറുകയായിരുന്നു.

You may also like