Home Keralaഒറ്റമഴയിൽ വെള്ളത്തിനടിയിൽ തലസ്ഥാനം; അടിയന്തര ഇടപെടലുമായി ജലവിഭവ മന്ത്രി, ഉന്നതതല യോഗം നാളെ

ഒറ്റമഴയിൽ വെള്ളത്തിനടിയിൽ തലസ്ഥാനം; അടിയന്തര ഇടപെടലുമായി ജലവിഭവ മന്ത്രി, ഉന്നതതല യോഗം നാളെ

by news_desk1
0 comments

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അടിയന്തര ഇടപെടൽ നടത്തി. പ്രശ്നത്തിന്റെ കാരണങ്ങൾ പരിശോധിച്ച് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി നാളെ ഉന്നതതല യോഗം ചേരും.

തമ്പാനൂർ, ചാക്ക, ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. മഴക്കാലത്ത് ആവർത്തിക്കുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ വേഗത്തിലാക്കുന്നത്.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം സംബന്ധിച്ച് മന്ത്രിമാരായ സി.പി. ജോണും കെ. മുരളീധരനും മന്ത്രിയുമായി ചർച്ച നടത്തി. മൂന്ന് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ നടക്കുന്ന നാളത്തെ യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജലനിർഗമന സംവിധാനങ്ങളിലെ പോരായ്മകൾ, തോടുകളുടെയും കനാലുകളുടെയും അവസ്ഥ, നഗരവികസന പ്രവർത്തനങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കനത്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയത് ഗതാഗതത്തെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

You may also like