Home Keralaഅവയവദാനത്തിന്റെ മഹാത്മ്യം; 23കാരന്റെ ഹൃദയം കൊച്ചിയിലെത്തി, നാലുപേർക്ക് പുതുജീവൻ

അവയവദാനത്തിന്റെ മഹാത്മ്യം; 23കാരന്റെ ഹൃദയം കൊച്ചിയിലെത്തി, നാലുപേർക്ക് പുതുജീവൻ

by news_desk1
0 comments

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മാതൃകാപരമായ സംഭവം. കണ്ണൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 23കാരന്റെ അവയവങ്ങൾ ദാനം ചെയ്തതോടെ നാല് പേർക്ക് പുതുജീവൻ ലഭിക്കാനൊരുങ്ങുന്നു.

യുവാവിന്റെ ഹൃദയം സർക്കാർ എയർ ആംബുലൻസിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു. രാവിലെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ഹൃദയം 50 മിനിറ്റിനകം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡിൽ എത്തിച്ചു. തുടർന്ന് ഡോക്ടർമാരുടെ വിദഗ്ധസംഘം ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു.

മലപ്പുറം സ്വദേശിയായ 48കാരനാണ് ഹൃദയം സ്വീകരിക്കുന്നത്. ഹൃദയത്തോടൊപ്പം യുവാവിന്റെ മറ്റ് അവയവങ്ങളും വിവിധ ആശുപത്രികളിലേക്ക് എത്തിച്ചു. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയോടെ കണ്ണൂർ വളക്കൈയിൽ നടന്ന വാഹനാപകടത്തിലാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

ദുഃഖത്തിന്റെ വേളയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. യുവാവിന്റെ അവയവദാനത്തിലൂടെ നാല് ജീവിതങ്ങളാണ് പുതിയ പ്രതീക്ഷയിലേക്ക് കടക്കുന്നത്.

You may also like