Home Keralaതോൽവിയുടെ പഴി പിണറായിക്ക് മാത്രം ചുമത്തരുത്; ആത്മപരിശോധന വേണമെന്ന് വെള്ളാപ്പള്ളി

തോൽവിയുടെ പഴി പിണറായിക്ക് മാത്രം ചുമത്തരുത്; ആത്മപരിശോധന വേണമെന്ന് വെള്ളാപ്പള്ളി

by news_desk1
0 comments

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ ‘യോഗനാദ’ത്തിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഇടതുമുന്നണിക്ക് ചരിത്രവിജയവും തുടർഭരണവും നേടിക്കൊടുത്ത നേതാവിനെ തോൽവിക്ക് പിന്നാലെ ഒറ്റപ്പെടുത്തുകയും വിമർശനങ്ങളുടെ ലക്ഷ്യമാക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ നേട്ടങ്ങൾ ആസ്വദിച്ചവർ തന്നെയാണ് ഇപ്പോൾ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഒരാളുടെ മേൽ ചുമത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം ഭരണകാലത്ത് പാർട്ടി നേതൃത്വത്തിലും പ്രവർത്തകർക്കിടയിലും ജനങ്ങളിൽ നിന്നുള്ള അകലം വർധിച്ചതായും അദ്ദേഹം വിമർശിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിനുപകരം അധികാരവും സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ വളർച്ചയ്ക്കും അധികാര നേട്ടങ്ങൾക്കും അടിത്തറ പാകിയ നേതാവാണ് പിണറായി വിജയനെന്ന് പറഞ്ഞ വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ നേതൃത്വപാടവമാണ് പ്രതിസന്ധിക്കാലങ്ങളിൽ സിപിഎമ്മിനെ മുന്നോട്ട് നയിച്ചതെന്നും വിലയിരുത്തി. എന്നാൽ പിന്നീട് പാർട്ടിയിലെത്തിയ ചിലർ അധികാരത്തിന്റെ ആനുകൂല്യങ്ങൾ മാത്രം ലക്ഷ്യമിട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി ഓഫീസുകളും നേതൃസംവിധാനങ്ങളും സാധാരണ ജനങ്ങളിൽ നിന്ന് അകന്നുപോയതായും, വിവിധ തലങ്ങളിലെ നേതാക്കൾക്കിടയിൽ അഹങ്കാരപരമായ സമീപനം വർധിച്ചതായും അദ്ദേഹം വിമർശിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് ആത്മപരിശോധനയും സ്വയംവിമർശനവും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, മുന്നണിയിലെ ചില ഘടകകക്ഷികളുടെ പ്രവർത്തനങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഇടതുപക്ഷം സ്വന്തം പ്രവർത്തനങ്ങൾ വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like