Home Nationalസിബിഎസ്ഇ പുനർമൂല്യനിർണയ പോർട്ടൽ പുനഃസ്ഥാപിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

സിബിഎസ്ഇ പുനർമൂല്യനിർണയ പോർട്ടൽ പുനഃസ്ഥാപിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

by news_desk1
0 comments

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാനാകും. ജൂൺ 6 വരെയാണ് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ അർധരാത്രിവരെ പോർട്ടൽ പൂർണമായും പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് നടത്തിയ പരിഹാര നടപടികൾക്ക് ശേഷമാണ് സേവനം പുനഃസ്ഥാപിച്ചത്.

അതേസമയം, പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മൂല്യനിർണയ പ്രക്രിയയിൽ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ നേരത്തെ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിൽ വിലയിരുത്തുന്നതിനായി ഉപയോഗിച്ച ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിലാണ് സാങ്കേതിക പാളിച്ച ഉണ്ടായതെന്നാണ് വിശദീകരണം. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒഎസ്എം സംവിധാനം പരീക്ഷണഘട്ടത്തിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും പ്രധാന പരീക്ഷകളിൽ ഈ സംവിധാനം ഉപയോഗിച്ചതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നതിനുള്ള കരാർ നടപടികളിലും ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

You may also like