Home Keralaമന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബെന്നി തോമസ്; ബന്ധു നിയമനത്തിൽ വിവാദം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബെന്നി തോമസ്; ബന്ധു നിയമനത്തിൽ വിവാദം

by news_desk1
0 comments

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിലേക്കുള്ള പുതിയ നിയമനം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

കോൺഗ്രസ് നേതാവും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ, ബെന്നി തോമസിനെ പിന്തുണച്ച് ധർമടം മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് രംഗത്തെത്തി.

ബെന്നി തോമസ് കണ്ണൂരിലെ മലയോര മേഖലയിലെ സജീവ കോൺഗ്രസ് നേതാവാണെന്നും, ദീർഘകാലമായി പാർട്ടി പ്രവർത്തന രംഗത്ത് പ്രവർത്തിച്ചുവരുന്ന വ്യക്തിയാണെന്നും അബ്ദുൾ റഷീദ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സേവാദൾ ചെയർമാൻ, ഡിസിസി ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സംഘടനാ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ടെന്നും റഷീദ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഒരാളെ കേവലം മന്ത്രിയുടെ ബന്ധുവെന്ന നിലയിൽ മാത്രം വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന്റെ പൊതുപ്രവർത്തന പശ്ചാത്തലവും പരിഗണിക്കണമെന്നും അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു.

You may also like