മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ പ്രശ്നത്തിൽ സർക്കാർ കുടുംബങ്ങളെ ഒരു കാരണവശാലും കൈവിടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിന് മാനുഷികവും രമ്യവുമായ പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, സ്ഥലം അനുവദിച്ച് വീട് നിർമിച്ച് നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. താമസക്കാരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും, ഭൂവുടമയുടെ സഹകരണം ലഭിച്ചാൽ നടപടികൾ വേഗത്തിലാക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ നയത്തിന്റെ ഭാഗമാണെന്നും, എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണം നിയമസഭയിൽ ഉയർന്നു. ജനങ്ങളോട് പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ ആരോപിച്ചു. എന്നാൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്നും, പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി.

