Home Keralaട്രൈബൽ സ്കൂളിൽ മിഠായി വിതരണം വിവാദമായി; ബിജെപി എംഎൽഎ വി. മുരളീധരനെതിരെ വിമർശനം

ട്രൈബൽ സ്കൂളിൽ മിഠായി വിതരണം വിവാദമായി; ബിജെപി എംഎൽഎ വി. മുരളീധരനെതിരെ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: ട്രൈബൽ സ്കൂളിലെ പ്രവേശനോത്സവ പരിപാടിക്കിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതി വിവാദമായി. തിരുവനന്തപുരം ജില്ലയിലെ കട്ടേല ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിലാണ് ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി നൽകുന്നതിനിടെ, മിഠായി നേരിട്ട് കൈകളിൽ നൽകാതെ പൊതിഞ്ഞ കവർ തുറന്ന് മേശപ്പുറത്ത് വിതറിയശേഷം എടുക്കാൻ ആവശ്യപ്പെട്ടതാണ് വിവാദത്തിന് കാരണമായത്. ചടങ്ങിൽ മന്ത്രി എ. തുളസിയും സന്നിഹിതയായിരുന്നു.

പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന പരിപാടിയിൽ സ്വീകരിച്ച ഈ രീതി വിവേചനപരമാണെന്നാരോപിച്ച് നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കുട്ടികളോട് ഇത്തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്നും ഇത് കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിന് യോജിക്കുന്ന നടപടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ട അവസരത്തിൽ അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, എംഎൽഎയുടെ നടപടിയെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും രംഗത്തെത്തി. കുട്ടികൾക്ക് ഒരു മിഠായി മാത്രമല്ല, ആവശ്യത്തിന് എടുക്കാനാകുന്ന രീതിയിൽ മുഴുവൻ കവർ മിഠായികളും നൽകിയതാണെന്നും ഇതിനെ അനാവശ്യമായി വിവാദമാക്കുകയാണെന്നുമാണ് അവരുടെ വിശദീകരണം.

സംഭവം രാഷ്ട്രീയ വിവാദമായി മാറിയതോടെ വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതികരണങ്ങൾ തുടരുകയാണ്.

You may also like