അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ക്രിക്കറ്റിൽ നിരവധി നിർണായക പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി. അഹമ്മദാബാദിൽ ചേർന്ന ഐസിസി വാർഷിക ബോർഡ് യോഗത്തിലാണ് ടെസ്റ്റ്, ടി20 ക്രിക്കറ്റുകളെ ബാധിക്കുന്ന പുതിയ നിർദേശങ്ങൾക്ക് പച്ചക്കൊടി ലഭിച്ചത്.
വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങൾ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നതിന് യോഗം അനുമതി നൽകി. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ തന്ത്രപരമായ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന രീതിയിൽ, ഔദ്യോഗിക ഡ്രിങ്ക്സ് ബ്രേക്കിനിടെ ഹെഡ് കോച്ചിനോ അദ്ദേഹത്തിന്റെ പ്രതിനിധിക്കോ മൈതാനത്ത് പ്രവേശിച്ച് താരങ്ങളുമായി ആശയവിനിമയം നടത്താനും അനുവാദം ലഭിക്കും.
ടി20 ക്രിക്കറ്റിലും ചില മാറ്റങ്ങൾ നടപ്പാക്കും. മത്സരത്തിനിടെ 15 മിനിറ്റ് ഇടവേള നിർബന്ധമാക്കാനും കളി പുനരാരംഭിക്കുമ്പോൾ ബാറ്റർമാർ ഉടൻ ക്രീസിൽ സജ്ജരാകണമെന്നും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
ഐസിസിയുടെ അറിയിപ്പുപ്രകാരം പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രാബല്യത്തിൽ വരും.
അതേസമയം, ഭരണപരമായ ക്രമക്കേടുകളും അംഗത്വ വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്പെൻഡ് ചെയ്യാനും ഐസിസി തീരുമാനിച്ചു. സംഘടനയ്ക്കെതിരായ ആരോപണങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും യോഗം അറിയിച്ചു.

