Home Top Stories‘ട്രംപിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ

‘ട്രംപിന് ഇഷ്ടമല്ലെന്ന് വന്നപ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല’; പിണറായി വിജയൻ

by news_desk
0 comments

തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില നിരന്തരമായി വർദ്ധിപ്പിക്കുമ്പോൾ മുൻപ് അതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിരുന്ന വി. ഡി. സതീശൻ, ഇപ്പോൾ മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ പഴയ വാക്കുകൾ പാലിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഇന്ധനങ്ങളുടെ അധിക നികുതി സംസ്ഥാന സർക്കാർ വേണ്ടെന്ന് വെക്കണമെന്ന് സഭയ്ക്കകത്തും പുറത്തും ശക്തമായി ആവശ്യപ്പെട്ട ആളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ അതിഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എണ്ണവിലയുടെ പൂർണ്ണമായ നിയന്ത്രണാധികാരം ഒരുകാലത്ത് കേന്ദ്ര സർക്കാരിന്റെ കയ്യിലായിരുന്നു. എന്നാൽ ആ അധികാരം ഉപേക്ഷിച്ച് വില നിശ്ചയിക്കാനുള്ള പൂർണ്ണ ചുമതല വൻകിട എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത് മുൻപ് രാജ്യം ഭരിച്ച യുപിഎ സർക്കാരാണ്. ആ തെറ്റായ കോർപ്പറേറ്റ് നയം തന്നെയാണ് ഇപ്പോഴത്തെ കേന്ദ്ര ബിജെപി സർക്കാരും അതിശക്തമായി തുടരുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളലാഭമാണ് എണ്ണ കമ്പനികൾ രാജ്യത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതി ഭാരത സർക്കാർ പെട്ടെന്ന് നിർത്തിവെച്ചത്. രാജ്യത്തിന്റെ പരമാധികാരം അമേരിക്കൻ താല്പര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണിത്. കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ കാരണം രാസവളം, കൃഷി, ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും വരും ദിവസങ്ങളിൽ അതിരൂക്ഷമായ വിലവർധനവുണ്ടാകും. ഇത് വൻതോതിൽ പണപ്പെരുപ്പം രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്രസർക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങളെ കൃത്യമായി വിമർശിക്കാൻ പുതിയ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുകയാണ്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം അതിനെ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു അന്ന് സതീശൻ ശ്രമിച്ചിരുന്നത്. വരുന്നത് സാധാരണ പ്രതിസദ്ധിയല്ല, അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഈ വിലവർധനവ് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെപ്പോലും തകർക്കും. ഈ ഭാരമെല്ലാം ഒടുവിൽ വന്ന് വീഴുന്നത് സാധാരണക്കാരായ ജനങ്ങളുടെ തലയിലാണ്. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, 2018-ൽ നികുതി കുറയ്ക്കാനും തയ്യാറായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായി ഇരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഭരണം കിട്ടിയപ്പോൾ പാലിക്കാൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ധവളപത്രം ഇറക്കുമെന്ന് പറഞ്ഞ് തങ്ങളെ ആരും പേടിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അധിക എക്സൈസ് നികുതി അടിയന്തിരമായി ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെടാൻ എങ്കിലും സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പുതിയ യുഡിഎഫ് സർക്കാരും എൽഡിഎഫ് പ്രതിപക്ഷവും തമ്മിൽ സഭയിലുണ്ടായ ഈ കടുത്ത രാഷ്ട്രീയ വാദപ്രതിവാദം വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്.

You may also like