Home Keralaജനൽവഴി വലിച്ചെറിഞ്ഞ നവജാതശിശുവിനെ തിരികെ വേണമെന്ന് അമ്മ; നിയമതടസമുണ്ടെന്ന് ശിശുക്ഷേമ സമിതി

ജനൽവഴി വലിച്ചെറിഞ്ഞ നവജാതശിശുവിനെ തിരികെ വേണമെന്ന് അമ്മ; നിയമതടസമുണ്ടെന്ന് ശിശുക്ഷേമ സമിതി

by news_desk1
0 comments

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ തനിക്ക് തിരികെ നൽകണമെന്ന ആവശ്യവുമായി പത്തൊൻപതുകാരിയായ അമ്മ രംഗത്തെത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി ഈ ആവശ്യം ഉന്നയിച്ചത്.

സംഭവത്തിന് പിന്നാലെ ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ വേണ്ടെന്ന നിലപാടിലായിരുന്ന യുവതി, തുടർച്ചയായ കൗൺസലിംഗിന് ശേഷമാണ് നിലപാട് മാറ്റിയത്. ആദ്യം കൗൺസിലർമാരുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന യുവതി പിന്നീട് വിശദമായി കാര്യങ്ങൾ പങ്കുവെക്കുകയും കുഞ്ഞിനെ സ്വന്തം സംരക്ഷണത്തിൽ വളർത്തണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു.

എന്നാൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് കുട്ടിയെ ഉടൻ കൈമാറുന്നതിന് നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ടെന്ന് സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി. ഇതിനെ തുടർന്ന് കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.

ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി മുൻപ് മൊഴി നൽകിയിരുന്നത്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് വധശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിവാഹിതയായതിനാൽ സാമൂഹിക അപമാനം ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന യുവതി, അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാന സ്വദേശിയുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം നഷ്ടമായതായും മൊഴി നൽകിയിട്ടുണ്ട്. ഗർഭധാരണവും പ്രസവവും സംബന്ധിച്ച വിവരങ്ങൾ ആ യുവാവിന് അറിയില്ലെന്നാണ് യുവതിയുടെ വിശദീകരണം.

മെയ് 25-നാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാതശിശുവിനെ ജനൽവഴി പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി.

സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളും ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട തുടർനടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

You may also like