Home Keralaഅർഷിദിന്റെ മരണം: അന്വേഷണം തമിഴ്നാട്ടിലേക്കും; അഖിലയുടെ യാത്രയും പൊലീസ് നിരീക്ഷണത്തിൽ

അർഷിദിന്റെ മരണം: അന്വേഷണം തമിഴ്നാട്ടിലേക്കും; അഖിലയുടെ യാത്രയും പൊലീസ് നിരീക്ഷണത്തിൽ

by news_desk1
0 comments

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. സംഭവദിവസം കുട്ടിയുടെ അമ്മ അഖില തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിയിരുന്നോയെന്ന കാര്യം പരിശോധിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു.

അർഷിദിന്റെ മരണദിവസം നാഗർകോവിലിൽ നടന്ന ഒരു ഡാൻസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അഖില അന്വേഷണസംഘത്തിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴിയിലെ വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനും അഖിലയുടെ തമിഴ്നാട് യാത്രകളുടെ പശ്ചാത്തലം പരിശോധിക്കുന്നതിനുമായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കുട്ടിയുടെ മരണകാരണം സംബന്ധിച്ച അന്വേഷണത്തിൽ ഗുരുതര വിവരങ്ങളാണ് പുറത്തുവന്നത്. നെഞ്ചിൽ ശക്തമായി ചവിട്ടേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ചവിട്ടേറ്റ് ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതോടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും തലയിൽ അഞ്ച് ഭാഗങ്ങളിൽ നീർക്കെട്ട് രൂപപ്പെട്ടതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവയിൽ പലതും പഴയ മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊള്ളലേറ്റതും മർദനമേറ്റതുമായ നിരവധി പാടുകളും ശരീരത്തിലുണ്ടായിരുന്നു.

സംഭവത്തിൽ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാന പ്രതിയായ അഷ്കറിനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും അന്വേഷിക്കുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയെന്ന പരാതികളും അന്വേഷണ പരിധിയിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നായിരുന്നു അഷ്കറിന്റെ ആദ്യ വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർചോദ്യം ചെയ്യലും സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ അഷ്കർ കുറ്റം സമ്മതിച്ചതായാണ് വിവരം. കുട്ടി കരഞ്ഞത് സഹിക്കാനാകാതെ തലയിൽ ശക്തമായി അടിച്ചുവെന്നും തുടർന്ന് കുട്ടി ബോധരഹിതനായെന്നും ഇയാൾ മൊഴി നൽകിയതായി അന്വേഷണസംഘം അറിയിച്ചു. കുട്ടിയെ അഷ്കർ പതിവായി മർദിച്ചിരുന്നുവെന്ന കാര്യം അഖിലയും അന്വേഷണത്തിൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like