തിരുവനന്തപുരം: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമായാൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റ് തനിക്കായിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരിൽ മുൻപ് പലരും തന്നെ ഒരുപാട് വേട്ടയാടിയതാണെന്നും, പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് താൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിൽ എവിടെ എയിംസ് വന്നാലും നല്ലതാണെന്നും അടുത്ത കേന്ദ്ര ബജറ്റിൽ തന്നെ ഇത് ഉൾപ്പെടുത്താവുന്ന തരത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട്ട് മാത്രം മതി എന്ന ശാഠ്യം പിടിച്ചതാണ് തിരിച്ചടിയായത്. കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് സ്ഥലങ്ങൾ കൂടി നിർദ്ദേശിക്കാൻ മുൻ സർക്കാരിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നതുമാണ്. എയിംസിനായുള്ള ശുപാർശകൾ കൃത്യമായ കേന്ദ്ര ഗൈഡ്ലൈൻസ് അനുസരിച്ച് വേണം നൽകാൻ. കോഴിക്കോടിന് പുറമെ തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളെയും ഇതിനായി പരിഗണിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിലും കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കി. ആരും ഏറുപടക്കം എറിഞ്ഞതുകൊണ്ട് ഉണ്ടായതല്ല ഇപ്പോഴത്തെ ആഗോള യുദ്ധ സാഹചര്യങ്ങൾ. അന്താരാഷ്ട്ര തലത്തിലെ യുദ്ധ പശ്ചാത്തലത്തിലാണ് ഇന്ധനവില വർദ്ധിക്കുന്നത്. ഈ ആഗോള പ്രതിസന്ധിയെ നമ്മൾ മറികടക്കേണ്ടതുണ്ട്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ദിനംപ്രതി വില കൂട്ടുന്നു എന്ന വാദം തെറ്റാണെന്നും ആകെ രണ്ടുതവണ മാത്രമാണ് വില വർദ്ധിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലുപേരുള്ള ഒരു കുടുംബത്തിന് ഒരു ദിവസം പാചകവാതകം ഉപയോഗിക്കാൻ വരുന്ന ചെലവ് വെറും 9 രൂപയായിരുന്നു. അതിപ്പോൾ കൂടിയാൽ 11 ഓ 12 ഓ രൂപ മാത്രമായിട്ടേ ഉണ്ടാകൂ. ഇതിലും കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു ഇന്ധനം ഏതാണെന്ന് വിമർശിക്കുന്നവർ പറയണം. നിലവിലെ ആഗോള പ്രതിസന്ധികൾ അവസാനിക്കുമ്പോൾ വില കുറയ്ക്കാൻ താൻ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

