Home Kerala‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്

‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്

by news_desk1
0 comments

കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൺ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് ജില്ലയിൽ ലഹരിക്ക് ഇടമുണ്ടാകില്ലെന്നും സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ നിയമം ചുമത്തുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം കാഞ്ഞങ്ങാട്ട് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ കനത്ത മഴയിലും ആയിരങ്ങൾ പങ്കെടുത്തതായി മന്ത്രി ഓർമ്മിപ്പിച്ചു. അന്ന് തന്നെ 14 ജില്ലകളിലേക്കും ലഹരി വിരുദ്ധ പ്രവർത്തനം വ്യാപിപ്പിച്ച് മാഫിയയുടെ വേരറുക്കാൻ തീരുമാനിച്ചിരുന്നുവെന്നും, അധികാരത്തിലെത്തിയ ശേഷം ഓപ്പറേഷൻ തൂഫാൻ വഴി അത് നടപ്പാക്കാനായതായും അദ്ദേഹം പറഞ്ഞു.

കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ ‘ക്ലീൻ കമ്പനി’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ, വർണകടലാസുകളിൽ പൊതിഞ്ഞ ലഹരി മിഠായികളാണ് കണ്ടെത്തിയതെന്ന് മന്ത്രി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ ലക്ഷ്യമിട്ടിരുന്ന ആ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും 16 പേരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞതായും, ഇവരിൽ നാല് പേർ ഇപ്പോഴും ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നാണെന്നും, ദിവസേന ലഭിക്കുന്ന കത്തുകളും ഫോൺവിളികളും സന്ദേശങ്ങളും അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ കുപ്രസിദ്ധ മാഫിയ സംഘങ്ങൾ സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാറില്ലെന്നും, മറ്റുള്ളവരുടെ ജീവിതം തകർത്താണ് അവർ സമ്പത്ത് സമ്പാദിക്കുന്നതെന്നും സമൂഹം അത് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പങ്കെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്നമായി മാറിയെന്ന് പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരായ ഭാവിതലമുറയെ സംരക്ഷിക്കണമെങ്കിൽ ലഹരിയെ സമൂഹത്തിൽ നിന്ന് പൂർണമായും വേരറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You may also like