കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷിച്ച് ഇറാന്റെ ശക്തമായ തിരിച്ചടി. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചു. അമേരിക്കൻ സേനയുടെ അഹങ്കാരത്തിനുള്ള കൃത്യമായ മറുപടിയാണിതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈറ്റിൽ യുഎസ് സൈനികർ തമ്പടിച്ചിരിക്കുന്ന ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർ ബേസ് എന്നിവ ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈലുകൾ തൊടുത്തത്. എന്നാൽ, ഇറാന്റെ ഈ ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്‌റൈൻ സംയുക്ത പ്രതിരോധ സേനകൾ വിജയകരമായി പ്രതിരോധിച്ചുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കുവൈറ്റിലെ സൈനിക കേന്ദ്രത്തിന് നേരെ വന്ന ഇറാന്റെ രണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർത്തു. ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വെടിവച്ചിട്ടത്.
ആക്രമണങ്ങളിൽ യുഎസ് സൈനികർക്കോ മറ്റ് ഉദ്യോഗസ്ഥർക്കോ പരിക്കേറ്റിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് പറന്നുവന്ന ഇറാന്റെ ഡ്രോണുകളും അമേരിക്കൻ സേന വെടിവച്ചിട്ടു. ബഹ്‌റൈനിൽ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുന്നതിനിടെ പലയിടത്തും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്‌റൈൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, അയൽരാജ്യമായ സൗദി അറേബ്യയുടെ അതിർത്തി പ്രദേശങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും അവിടെ ആക്രമണങ്ങളൊന്നും നടന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല.

