തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് സർക്കാർ തയ്യാറാക്കിയ ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. ധവളപത്രത്തിന്റെ നടപടിക്രമങ്ങളിൽ കടുത്ത വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രി വി. ഡി. സതീശനും തമ്മിൽ സഭയിൽ ശക്തമായ വാക്പോരുണ്ടായി. ധനകാര്യ വകുപ്പിനെ പൂർണ്ണമായും ഇരുട്ടിൽ നിർത്തി, പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസികളെയും വിദഗ്ദ്ധരെയും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ധവളപത്രം വെറുമൊരു രാഷ്ട്രീയ രേഖ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ ആരോപണം വെറും മുൻവിധി മാത്രമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
ധവളപത്രം പുറത്തുവിട്ട നടപടി ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ സഭയിൽ ആരോപിച്ചു. മുൻപ് 2015-ൽ ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് നേരിട്ടായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഓഡിറ്റ് ചെയ്യാനുള്ള അവകാശം സി ആൻഡ് എജിക്ക് (C&AG) മാത്രമാണ്. സ്വകാര്യ വ്യക്തികൾക്കോ ഏജൻസികൾക്കോ ഇതിനുള്ള അനുമതി നൽകുന്നത് തെറ്റായ കീഴ്വഴക്കമാണ്. നാളെ ആർക്കും ഒരു രാഷ്ട്രീയ രേഖ ചമയ്ക്കാമെന്ന സ്ഥിതിയാണിതെന്നും ധവളപത്രം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ, സ്പീക്കറുടെ പൂർണ്ണമായ അനുമതിയോടും മന്ത്രിസഭയുടെ അംഗീകാരത്തോടും കൂടിയാണ് ധവളപത്രം സഭയിൽ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. ബാലഗോപാലിന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഒരു രഹസ്യരേഖയും പുറത്തുപോയിട്ടില്ല. പൊതുമധ്യത്തിൽ (Public Domain) ലഭ്യമായ വിവരങ്ങൾ മാത്രമാണ് ഇതിലുള്ളത്. ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, രാജ്യത്തെ ഏറ്റവും പരിണതപ്രജ്ഞരായ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചത്. മുൻപ് സഭയിൽ വന്നിട്ടുള്ള ധവളപത്രങ്ങളാണ് രാഷ്ട്രീയ രേഖകൾ. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച കൃത്യമായ സ്റ്റേറ്റ്മെന്റാണ്. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഇത് തയ്യാറാക്കിയതെന്നും വിദഗ്ദ്ധോപദേശം തേടി മാത്രമേ സർക്കാർ മുന്നോട്ട് പോകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സഭയിൽ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരിഹസിച്ചു. ഇത് യഥാർത്ഥ ധവളപത്രമല്ല. ധനവകുപ്പ് തയ്യാറാക്കിയ മുൻകാല രേഖകളെ രാഷ്ട്രീയ രേഖകളെന്ന് വിളിക്കുന്നത് വിചിത്രവാദമാണ്. ധനകാര്യ വകുപ്പ് തന്നെ തയ്യാറാക്കേണ്ട രേഖ പുറത്തുള്ളവരെ ഏൽപ്പിച്ചതിലൂടെ വലിയ വ്യതിയാനമാണ് വന്നിരിക്കുന്നത്. ഇത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള രേഖയാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സഭയിൽ വലിയ തർക്കമുണ്ടായി. രേഖ കൈപ്പറ്റി വായിച്ചുനോക്കുന്നതിന് മുൻപ് തന്നെ ഇത് രാഷ്ട്രീയ രേഖയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി ഉചിതമായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചപ്പോൾ, താൻ പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള കൃത്യമായ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു.

