Home Sportsഗാംഗുലിയുടെ സുരക്ഷാ വലയം ചുരുക്കി; ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

ഗാംഗുലിയുടെ സുരക്ഷാ വലയം ചുരുക്കി; ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

by news_desk1
0 comments

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും മുൻ ബിസിസിഐ പ്രസിഡന്റുമായ ഗാംഗുലിയുടെ സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്തി. ഇതുവരെ ലഭിച്ചിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ച് ഇനി വൈ കാറ്റഗറി സുരക്ഷ നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

സുരക്ഷാ ഭീഷണികൾ പുനഃപരിശോധിച്ച ശേഷമാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിച്ചു. ഇസഡ് കാറ്റഗറി സുരക്ഷയിലായിരുന്നപ്പോൾ ഗാംഗുലിക്കായി എട്ട് മുതൽ പത്ത് വരെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ ബെഹാലയിലെ വസതിയിലും ഔദ്യോഗിക യാത്രകളിലും സുരക്ഷാ സംഘം സ്ഥിരമായി അനുഗമിക്കാറുണ്ടായിരുന്നു.

പുതിയ ക്രമീകരണപ്രകാരം സ്‌പെഷ്യൽ ബ്രാഞ്ചിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സുരക്ഷാ ജീവനക്കാരും അടങ്ങുന്ന സംഘമാണ് ഗാംഗുലിക്ക് സുരക്ഷ നൽകുക. അതേസമയം, വി.ഐ.പി പരിഗണന തുടരുമെന്നും വീടിന് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോംഗാർഡിനെയും അംഗരക്ഷകരെയും നിലനിർത്തുമെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സുരക്ഷ കുറച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

2023 മെയ് മാസത്തിലാണ് അന്നത്തെ ഭരണകൂടം ഗാംഗുലിയുടെ സുരക്ഷ വൈ കാറ്റഗറിയിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക് ഉയർത്തിയത്. അതേ കാലയളവിൽ അദ്ദേഹത്തെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുമെന്ന സൂചനകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോൾ അതിന്റെ ഭാഗമായാണ് സുരക്ഷാ വലയം ചുരുക്കിയിരിക്കുന്നത്.

You may also like