പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നിർണായക പുരോഗതി. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പശ്ചിമ ബംഗാളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പാലക്കാട്ടേക്ക് കൊണ്ടുവരികയാണ്.
പ്രതിയെ അൽപസമയത്തിനകം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നിയമാനുസൃതമായി തിരിച്ചറിയൽ പരേഡ് നടത്തും. ആക്രമണത്തിനിരയായ വിദ്യാർത്ഥിനി പ്രതിയെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഫെബ്രുവരി 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐഐടി പാലക്കാട്ടിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനി രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. രാത്രി 8.30ഓടെ ക്യാമ്പസിനുള്ളിൽ അപ്രതീക്ഷിതമായി എത്തിയ അക്രമി വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് കേസ്.
പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, സാങ്കേതിക തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഒടുവിൽ പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്തിയത്. തിരിച്ചറിയൽ പരേഡിന്റെ ഫലമാണ് ഇനി കേസിന്റെ തുടർനടപടികളിൽ നിർണായകമാകുക. വിദ്യാർത്ഥിനി പ്രതിയെ വ്യക്തമായി തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

