ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ട കണ്ടെത്തല്‍ പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ ലോകേഷ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഹോട്ടലിന്റെ ദൈനംദിന നടത്തിപ്പ് താന്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്നില്ലെന്നും മറ്റൊരാള്‍ക്കാണ് നടത്തിപ്പ് ഏല്‍പ്പിച്ചിരുന്നതെന്നും ലോകേഷ് ബജാജ് പൊലീസിനോട് മൊഴി നല്‍കി. ഹോട്ടലിലെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോട്ടലില്‍ നടത്തിയ നിര്‍മാണപരമായ മാറ്റങ്ങള്‍ മറ്റൊരാളുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ഡല്‍ഹിയിലെ പല ഹോട്ടലുകളിലും സമാന രീതിയിലുള്ള ക്രമീകരണങ്ങളാണ് നിലനില്‍ക്കുന്നതെന്നും ലോകേഷ് ബജാജ് അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, ഹോട്ടലിന് ആവശ്യമായ അഗ്നിരക്ഷാ വകുപ്പ് അനുമതിപത്രമായ ഫയര്‍ എന്‍.ഒ.സി ഇല്ലായിരുന്നുവെന്ന കാര്യം ഇയാള്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
തീപിടിത്ത ദുരന്തത്തിന് പിന്നാലെ ലോകേഷ് ബജാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹം ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഹോട്ടലിന്റെ പ്രവര്‍ത്തനാനുമതി, സുരക്ഷാ സംവിധാനങ്ങള്‍, നിര്‍മാണ ക്രമക്കേടുകള്‍ എന്നിവയും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

