തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനും സാമ്പത്തിക ധവളപത്രത്തിനുമെതിരെ നിയമസഭയിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധവളപത്രം ഇന്നലെ വൈകുന്നേരമാണ് ലഭ്യമാക്കിയതെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇതിലെ കണക്കുകൾ ധനകാര്യ വകുപ്പുമായി ചേർന്ന് കൃത്യത പരിശോധിക്കാൻ (ഫാക്ട് ചെക്ക്) സർക്കാർ തയ്യാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭ ഈ രേഖ കണ്ടതുകൊണ്ടുമാത്രം ഇതിലെ വിവരങ്ങൾ കൃത്യമാണെന്ന് പറയാൻ കഴിയില്ല. ഔദ്യോഗികമായ ധനകാര്യ വിലയിരുത്തലുകൾക്ക് കൃത്യമായ നടപടിക്രമങ്ങൾ ആവശ്യമുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങളെ വെറും ‘അധിക ചെലവായി’ കാണാത്ത ഒരു രാഷ്ട്രീയ ദിശാബോധമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. താൽക്കാലികമായി പരാജയം അംഗീകരിച്ചാണ് തങ്ങൾ ഇപ്പോൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ തങ്ങൾ തിരിച്ചുവരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സംസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരക്ഷരം പോലും പരാമർശിച്ചിട്ടില്ല. യുദ്ധം നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്ന ഒന്നായിട്ടും, ഇതിന് കാരണക്കാരായ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. ജനങ്ങൾക്ക് യാതൊരുവിധ പ്രതീക്ഷയും നൽകാത്ത പ്രസംഗമാണ് ഗവർണർ സഭയിൽ നടത്തിയത്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു വാക്കുപോലും പറയുന്നില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയ കിഫ്ബിയുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ചും സർക്കാർ മൗനം പാലിക്കുകയാണ്. സഭയിൽ വെച്ച ഫിനാൻഷ്യൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ധനവകുപ്പിന്റെ പരിശോധന ഉണ്ടായിട്ടില്ലെന്നും വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

