Home Keralaകേന്ദ്രത്തെ വെള്ളപൂശുന്ന ധവളപത്രം; കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോയെന്ന് തോമസ് ഐസക്ക്

കേന്ദ്രത്തെ വെള്ളപൂശുന്ന ധവളപത്രം; കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോയെന്ന് തോമസ് ഐസക്ക്

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ സാമ്പത്തിക ധവളപത്രം കേന്ദ്ര സർക്കാരിനെ വെള്ളപൂശാൻ വേണ്ടിയുള്ളതാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സംസ്ഥാനത്തിന്റെ നികുതി വിഹിതത്തിൽ എന്തെങ്കിലും ഇളവ് വരുത്താൻ തയ്യാറായോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ധനവില നൂറ് രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നു, ഇത് ഉടൻ തന്നെ 120 രൂപയിലേക്ക് എത്തും. ഇന്ധനവില കൂടിയതിലൂടെ മാത്രം കുറഞ്ഞത് 2000 കോടി രൂപയെങ്കിലും അധിക നികുതിയായി സർക്കാരിലേക്ക് എത്തും. ഇതിന്റെ ഒരു നിശ്ചിത ഭാഗമെങ്കിലും നികുതി ഇളവായി ജനങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന ആവശ്യത്തോട്, ‘ആ മണ്ടത്തരം ഞങ്ങളെക്കൊണ്ട് ചെയ്യിക്കേണ്ട’ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നത് ഒരിക്കലും മണ്ടത്തരമല്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. മുൻപ് എൽഡിഎഫ് ഭരിച്ച കാലവും ഇന്നത്തെ യുഡിഎഫ് ഭരണകാലവും തമ്മിൽ വലിയ കാല വ്യത്യാസമൊന്നുമില്ല. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന ധവളപത്രത്തിലെ കണ്ടെത്തലിനോട് യോജിക്കുന്നു. എന്നാൽ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം 25 ശതമാനമായി കുത്തനെ കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനത്തോളം കേന്ദ്ര വിഹിതം ലഭിക്കുമ്പോഴാണ് കേരളത്തോടുള്ള ഈ അവഗണന. എന്നിട്ടും ഗവർണറുടെ നയപ്രസംഗത്തിൽ പോലും കേന്ദ്രത്തിനെതിരെ ഒരു വരിപോലും ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്കെതിരെ ശക്തമായ സമരം നയിക്കാൻ യുഡിഎഫ് തയ്യാറുണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചു.

സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർദ്ധിച്ചില്ലെന്ന് കണക്കുകൾ നിരത്തി സമർത്ഥിക്കാൻ നോക്കുന്ന ധവളപത്രം യഥാർത്ഥ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് ധവളപത്രത്തിലൂടെ യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. വിവേചനപരമായ കേന്ദ്ര നയങ്ങൾക്കെതിരെ പരസ്യമായ നിലപാടെടുക്കാനും പ്രതിഷേധിക്കാനും യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

You may also like