തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സമഗ്ര വികസനവും അടിസ്ഥാനസൗകര്യങ്ങളുടെ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ‘കായകൽപ്പം’ എന്ന പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ് രംഗത്ത്. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ജില്ലാതല ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ആശുപത്രികളുടെ പ്രവർത്തനവും സൗകര്യങ്ങളും വിലയിരുത്താനാണ് തീരുമാനം.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇത്തരം കെട്ടിടങ്ങൾ നവീകരിച്ച് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഓരോ ജില്ലയിലും മന്ത്രിയുടെ അധ്യക്ഷതയിൽ ജനസമ്പർക്ക യോഗങ്ങൾ സംഘടിപ്പിക്കും. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് നിർദേശങ്ങളും പരാതികളും അഭിപ്രായങ്ങളും നേരിട്ട് സ്വീകരിക്കും. പദ്ധതിയുടെ ആദ്യ ജനസമ്പർക്ക പരിപാടി ഈ മാസം 9-ന് കോഴിക്കോട് നടക്കും.
സംസ്ഥാനത്തെ പല ആശുപത്രികളിലും കിടക്കകളുടെ അപര്യാപ്തത മൂലം രോഗികൾക്ക് നിലത്തുകിടന്ന് ചികിത്സ തേടേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. ആശുപത്രികളിലെ സ്ഥലസൗകര്യക്കുറവ്, ജീവനക്കാരുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ‘കായകൽപ്പം’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും രോഗികൾക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതിനുള്ള സമഗ്ര നടപടികൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

