Home Top Storiesഫോണ്‍ വിളിച്ചിട്ടും പ്രതികരിച്ചില്ല; സി.പി.എം ഉന്നതനേതൃത്വത്തിനെതിരെ വിനോദിനി കോടിയേരിയുടെ വിമര്‍ശനം

ഫോണ്‍ വിളിച്ചിട്ടും പ്രതികരിച്ചില്ല; സി.പി.എം ഉന്നതനേതൃത്വത്തിനെതിരെ വിനോദിനി കോടിയേരിയുടെ വിമര്‍ശനം

by news_desk1
0 comments

കണ്ണൂര്‍: സി.പി.എം ഉന്നതനേതൃത്വത്തിലെ ഒരു പ്രമുഖ നേതാവിനെതിരെ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാര്‍ട്ടിയിലെ ഉന്നതപദവിയിലുള്ള ഒരു പോളിറ്റ് ബ്യൂറോ അംഗം ആവശ്യമായ കാര്യങ്ങള്‍ക്കായി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദിനി ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ചല്ല, ചില ഉന്നത നേതാക്കളെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കിയ അവർ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ശുപാര്‍ശകള്‍ക്കോ വേണ്ടിയല്ല താന്‍ ബന്ധപ്പെട്ടതെന്നും പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തോടുള്ള ചില നേതാക്കളുടെ സമീപനം നിരാശാജനകമായിരുന്നുവെന്നും വിനോദിനി ചൂണ്ടിക്കാട്ടി. ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ചില നേതാക്കള്‍ ഒരിക്കല്‍പോലും ബന്ധപ്പെടുകയോ കുടുംബത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവരുടെ വിമര്‍ശനം.

അതേസമയം, താന്‍ ഉദ്ദേശിച്ച നേതാവ് പിണറായി വിജയന്‍ അല്ലെന്നും വിനോദിനി വ്യക്തമാക്കി. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും, തിരക്കുണ്ടെങ്കില്‍ പിന്നീട് തിരിച്ചുവിളിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും അവർ പറഞ്ഞു.

കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പോളിറ്റ് ബ്യൂറോ അംഗത്തെക്കുറിച്ചാണ് താന്‍ പരാമര്‍ശിച്ചതെന്നും, കോടിയേരിയുടെ മരണത്തിന് ശേഷം ആ നേതാവ് ഒരിക്കല്‍പോലും ഫോണിലൂടെ ബന്ധപ്പെടാന്‍ തയ്യാറായിട്ടില്ലെന്നും വിനോദിനി ആരോപിച്ചു. താന്‍ അങ്ങോട്ട് വിളിച്ചപ്പോഴും പലപ്പോഴും പ്രതികരണം ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയോടുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും, എന്നാല്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയാതെ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും വിനോദിനി പറഞ്ഞു. അനാവശ്യമായ വിധേയത്വം തനിക്ക് ഇല്ലെന്നും അവർ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായസ്വാതന്ത്ര്യം പരിമിതമാണെന്ന പൊതുധാരണയെക്കുറിച്ചുള്ള ചോദ്യത്തിന്, പറയേണ്ട കാര്യങ്ങള്‍ ഏത് വേദിയിലും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടാകണമെന്ന് വിനോദിനി പ്രതികരിച്ചു. ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ടിരിക്കുക ദീര്‍ഘകാലം സാധ്യമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.

You may also like