Home Nationalവൈദ്യുതി ബോർഡ് ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം; വിപുലമായ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ

വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം; വിപുലമായ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ

by news_desk1
0 comments

ചെന്നൈ: തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡിന്റെ ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സർക്കാർ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മോഷ്ടിക്കപ്പെട്ട ഹാർഡ് ഡിസ്കുകൾ വീണ്ടെടുക്കുകയും ചെയ്തു.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ 11 മാസമായി ബോർഡിൽ ജോലി ചെയ്തുവരികയായിരുന്ന ഗോപിനാഥ് (31) എന്ന താൽക്കാലിക ജീവനക്കാരനെയാണ് പൊലീസ് പിടികൂടിയത്. മെയ് 16, 17 തീയതികളിലെ അവധി ദിവസങ്ങളിൽ ഓഫീസിൽ ആളില്ലാതിരുന്ന സമയത്ത് അഞ്ചാം നിലയിൽ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ ഇയാൾ മോഷ്ടിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തുടർന്ന് ഇൻസ്റ്റാഗ്രാം വഴി ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് 75,000 രൂപയ്ക്ക് ഹാർഡ് ഡിസ്കുകൾ വിറ്റതായും പൊലീസ് വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളിൽ മുൻ ഭരണകാലത്ത് നടന്ന ട്രാൻസ്ഫോർമർ വാങ്ങൽ, കൽക്കരി ഇടപാടുകൾ, വിവിധ കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും നിർണായക വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണോ നടന്നതെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആസ്ഥാനത്തെ പ്രധാന ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തനരഹിതമായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ടെൻഡർ വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രേഖകളുടെ ഡിജിറ്റൽ ബാക്കപ്പ് ലഭ്യമാണെന്നും വിവരങ്ങൾ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിച്ചു. സൈബർ ക്രൈം വിഭാഗവും വൈദ്യുതി ബോർഡ് വിജിലൻസ് വിഭാഗവും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

You may also like