ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ രാവിലെ ഡൽഹിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകും. ജന്തർ മന്തറിന് സമീപം അനുയായികൾ ഒത്തുചേരാനാണ് ആഹ്വാനം നൽകിയിരിക്കുന്നത്.
സിജെപിയുടെ പ്രതിഷേധത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ വർധിച്ചുവരികയാണ്. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിദ്യാർത്ഥി സംഘടനകളിലെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് സിജെപി നേതൃത്വം വ്യക്തമാക്കുന്നു.
പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹി ജില്ലയെ വിവിധ സുരക്ഷാ മേഖലകളായി തിരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജന്തർ മന്തർ പരിസരത്ത് വലിയ തോതിൽ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന സർക്കാർ കേന്ദ്രങ്ങൾക്കും ഉന്നത നേതാക്കളുടെ വസതികൾക്കും അധിക സുരക്ഷ ഒരുക്കിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, പ്രതിഷേധം സമാധാനപരമായി നടത്തണമെന്ന് സിജെപി അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പതാകയും പുസ്തകവും കൈയിൽ കരുതുക, പൊലീസ് ഉദ്യോഗസ്ഥരോട് സൗഹൃദപരമായി പെരുമാറുക, പ്രകോപനങ്ങളിൽ വീഴാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പാർട്ടി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനും നേതൃത്വം അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും ഇത് രാഷ്ട്രീയത്തിനപ്പുറം വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിച്ച വിഷയമാണെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി.

