Home Keralaപ്രസവത്തിനിടെ കുഞ്ഞിന്റെ കൈയൊടിഞ്ഞതായി പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം

പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയൊടിഞ്ഞതായി പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം

by news_desk
0 comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് നടന്നതായി പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കുന്നതിനിടയിൽ നവജാത ശിശുവിന്റെ കൈയൊടിഞ്ഞതായാണ് മാതാപിതാക്കളുടെ ആരോപണം. അപകടം മറച്ചുവെക്കാൻ കുട്ടിയെ തങ്ങളെ കാണിക്കുന്നതിന് മുൻപ് തന്നെ കൈയിൽ പ്ലാസ്റ്ററിട്ടതായും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മെയ് 14-നായിരുന്നു കേസിനാസ്പദമായ പ്രസവം നടന്നത്.

കുഞ്ഞിനെ പുറത്തെടുക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അശ്രദ്ധയാണ് കുഞ്ഞിന്റെ കൈയിലെ എല്ല് പൊട്ടാൻ ഇടയാക്കിയതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രസവ സമയത്ത് കുഞ്ഞിന്റെ തോളെല്ല് കുടുങ്ങിയെന്ന് പറഞ്ഞാണ് അവർ കുട്ടിയെ പുറത്തെടുത്തതെന്നും എന്നാൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് വ്യക്തമായി അറിയില്ലായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ നേരെ പീഡിയാട്രിക് വിഭാഗം ഡോക്ടർമാരുടെ അടുത്തേക്കാണ് മാറ്റിയത്. പിറ്റേ ദിവസമാണ് താൻ കുഞ്ഞിന്റെ മുഖം പോലും കാണുന്നത്. ആ സമയത്താണ് കുട്ടിയുടെ കൈയിൽ പ്ലാസ്റ്ററിട്ടത് ശ്രദ്ധയിൽപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഇനി ഒരു കുഞ്ഞിനും ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകരുതെന്നും സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പരാതിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, പ്രസവ സംബന്ധമായ സങ്കീർണ്ണതകൾക്കിടയിൽ സാധാരണയായി സംഭവിക്കാറുള്ള പരിക്കാണോ ഇതെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കുടുംബത്തിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like