Home Kerala‘കല്ലിട്ടിട്ട് 100 ദിവസം; വീടുകൾ എവിടെ?’ വയനാട് ഭവനപദ്ധതിയിൽ കോൺഗ്രസിനെതിരെ സിപിഎം കടന്നാക്രമണം

‘കല്ലിട്ടിട്ട് 100 ദിവസം; വീടുകൾ എവിടെ?’ വയനാട് ഭവനപദ്ധതിയിൽ കോൺഗ്രസിനെതിരെ സിപിഎം കടന്നാക്രമണം

by news_desk1
0 comments

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി തറക്കല്ലിട്ടിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും നിർമാണം ആരംഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. ദുരന്തബാധിതർക്കായി വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമായി മാറിയെന്നാണ് സിപിഎമ്മിന്റെ വിമർശനം.

ഫെബ്രുവരി 26-ന് മേപ്പാടി കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ചേർന്നാണ് ഭവനപദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി വീടുകൾ വേഗത്തിൽ നിർമിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ കാര്യമായ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്.

കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ ശിലാസ്ഥാപനത്തിനായി ഒരുക്കിയ സംവിധാനങ്ങൾ പിന്നീട് നീക്കം ചെയ്തതല്ലാതെ വീടുനിർമാണവുമായി ബന്ധപ്പെട്ട പുരോഗതി ഒന്നും കാണാനില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഒരു കിണർ കുഴിച്ചതൊഴിച്ചാൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പാർട്ടി ആരോപണം.

ദുരന്തബാധിതർക്കായി 230 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപകമായി പണം സമാഹരിച്ചെങ്കിലും എത്ര തുക ലഭിച്ചുവെന്നും അത് എങ്ങനെ വിനിയോഗിച്ചുവെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയും കെ.പി.സി.സിയും 100 വീതം വീടുകളും യൂത്ത് കോൺഗ്രസ് 30 വീടുകളും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനമെന്നും പാർട്ടി ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ ശേഷമാണ് കോൺഗ്രസ് ഭവനപദ്ധതിക്കായി പിരിവ് നടത്തിയതെന്നും, സമാഹരിച്ച തുകയുടെ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സിപിഎം ആരോപിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയത്തിൽ ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കോൺഗ്രസ് തയ്യാറാകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതേസമയം, ഭവനപദ്ധതി സംബന്ധിച്ച സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഇപ്പോഴും പൊതുചർച്ചകളിൽ പ്രധാന വിഷയമായി തുടരുകയാണ്.

You may also like