തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ഇരട്ടിയിലേറെയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 85 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പത്ത് കേസുകൾ ഈ മാസം മാത്രം റിപ്പോർട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്.
രോഗവ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് മരണങ്ങളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരി ഉൾപ്പെടെയുള്ളവരുടെ മരണമാണ് സ്ഥിരീകരിച്ചത്. കുട്ടികളിലാണ് രോഗത്തിന്റെ ഗുരുതരത്വം കൂടുതലായി കാണപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതെയും രോഗബാധ ഉണ്ടാകാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ പ്രകടമാകുന്നത്.
മലിനജലം, ശുദ്ധമല്ലാത്ത ഭക്ഷണം, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ വഴിയാണ് രോഗം പ്രധാനമായും പകരുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരിൽ നിന്ന് പോലും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തട്ടുകടകൾ, ഹോട്ടലുകൾ, ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംസ്ഥാനവ്യാപക പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണശാലകളിൽ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. സാധാരണ കുടിവെള്ള വിതരണം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ രോഗം കൂടുതൽ അപകടകരമാണെന്നാണ് വിലയിരുത്തൽ. ഗുരുതരമായ വയറിളക്കത്തെ തുടർന്ന് ഉണ്ടാകുന്ന നിർജലീകരണം മരണകാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അങ്കണവാടികൾക്കും ബാലപരിചരണ കേന്ദ്രങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, അസംസ്കൃത ഭക്ഷണം ഒഴിവാക്കുക, ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വം പാലിക്കുക, കുട്ടികൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നത് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് വനിതാ-ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ശക്തമായ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

