Home Keralaകാനഡയിൽ കരടി ആക്രമണത്തിൽ മരിച്ച മലയാളി യുവാവിന് വിട; ഹൃഷികേശിന്റെ മൃതദേഹം നാട്ടിലെത്തി

കാനഡയിൽ കരടി ആക്രമണത്തിൽ മരിച്ച മലയാളി യുവാവിന് വിട; ഹൃഷികേശിന്റെ മൃതദേഹം നാട്ടിലെത്തി

by news_desk1
0 comments

കോഴിക്കോട്: കാനഡയിൽ കരടിയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃഷികേശിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെയോടെയാണ് വിമാന മാർഗം മൃതദേഹം കോഴിക്കോട് എത്തിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തിൽ നടക്കും.

കോഴിക്കോട് മാവൂർ റോഡ് സ്വദേശിയായ ഹൃഷികേശ് മിക്സ്ഡ് മാർഷൽ ആർട്സ് രംഗത്ത് ദേശീയതലത്തിൽ ശ്രദ്ധ നേടിയ താരമായിരുന്നു. ജോലിയുടെ ഭാഗമായി മൂന്ന് വർഷം മുൻപാണ് അദ്ദേഹം കാനഡയിലേക്ക് പോയത്.

കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിലെ യുറേനിയം പര്യവേക്ഷണ മേഖലയിലാണ് ഹൃഷികേശ് കരാർ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നത്. മേയ് എട്ടിന് നോർഡ്‌ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്സ്പ്ലോറേഷൻ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുകരടിയുടെ ആക്രമണത്തിന് ഇരയായത്.

സംഭവം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ച് കൊന്നെങ്കിലും ഹൃഷികേശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.

ജോലിക്കൊപ്പം ഉന്നത പഠനത്തിനും ഹൃഷികേശ് തയ്യാറെടുക്കുകയായിരുന്നു. കാനഡയിലെ പ്രശസ്തമായ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പഠനം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.

ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ സഹോദരൻ കെ. അർജുനിനൊപ്പമായിരുന്നു ഹൃഷികേശിന്റെ താമസം. കെ. രതീഷ് – പി. തുളസി ദമ്പതികളുടെ മകനാണ്. ശ്രീശങ്കർ സഹോദരനാണ്.

കായികരംഗത്തും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്ന ഹൃഷികേശിന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്. നാട്ടിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിന് അവസരം ഒരുക്കിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.

You may also like