Home Internationalഇറാനിൽ ഇസ്രയേൽ തിരിച്ചടി; ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ സ്‌ഫോടനം, വിമാന സർവീസുകൾ നിർത്തിവെച്ചു

ഇറാനിൽ ഇസ്രയേൽ തിരിച്ചടി; ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ സ്‌ഫോടനം, വിമാന സർവീസുകൾ നിർത്തിവെച്ചു

by news_desk1
0 comments

ടെഹ്‌റാൻ: ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ടെഹ്‌റാൻ, താബ്രിസ്, ഇസ്ഫഹാൻ, കരാജ് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്.

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടുകൾ പ്രകാരം ടെഹ്‌റാനിൽ രണ്ട് ശക്തമായ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും രേഖപ്പെടുത്തി. ഇസ്രയേൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുവെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ആരോപിക്കുന്നത്. എന്നാൽ ജനവാസ കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിട്ടല്ല ആക്രമണമെന്നാണ് ഇറാനിലെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തെ തുടർന്ന് ടെഹ്‌റാനിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം മാസങ്ങളോളം അടച്ചിട്ടിരുന്ന ഈ വിമാനത്താവളം ഈ വർഷം ഏപ്രിലിലാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

ഞായറാഴ്ച ഇസ്രയേലിന്റെ വടക്കൻ മേഖല ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും മറ്റ് ദൂരപരിധിയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. ലെബനനിലെ ചില മേഖലകളിൽ ഇസ്രയേൽ നടത്തിയ നടപടികൾക്ക് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്രസഭ ചാർട്ടറിലെ സ്വയംരക്ഷാ അവകാശം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാനെയോ ലെബനനെയോ ലക്ഷ്യമിട്ടുള്ള തുടർനടപടികൾ ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ, ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സൈനിക നടപടികളോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരിക്കുകയാണ്. എണ്ണവിലയിലും അന്താരാഷ്ട്ര വ്യോമഗതാഗത മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

You may also like