വാഷിംഗ്ടൺ: ‘കണ്ണിന് പകരം കണ്ണ്’ എന്നതാണ് തങ്ങളുടെ നയമെന്ന ഇറാന്റെ നിലപാടിന് മറുപടിയായി, ‘കണ്ണിന് പകരം തല’ എന്ന നയമായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്.
ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ സമീപനം വിശദീകരിച്ച മാർക്കോ റൂബിയോ, അമേരിക്കൻ താൽപര്യങ്ങൾക്കോ സൈന്യത്തിനോ നേരെ ആക്രമണമുണ്ടായാൽ ഇറാൻ അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്കക്കെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.
അതേസമയം, ആക്രമണം കൂടുതൽ രൂക്ഷമായാൽ ഏത് നിമിഷവും നേരിട്ടുള്ള കരയുദ്ധം ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഇറാൻ. അത്തരമൊരു സാഹചര്യം ഉണ്ടായാൽ യുദ്ധതന്ത്രത്തിൽ മാറ്റം വരുത്തി ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ സൈനിക കേന്ദ്രങ്ങൾ ആവർത്തിച്ചു.
ഇതിനിടെ, ഇറാൻ–ഇറാഖ് അതിർത്തിയിലെ ശാലംഷായിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഒരു ഇറാൻ സൈനികൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കൂടാതെ, കുവൈത്തിലെ ഇറാഖ് അതിർത്തിക്ക് സമീപമുള്ള അൽ അബ്ദലി ക്രോസിങ് മേഖലയിലും ശക്തമായ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ, മേഖലയിലെ മൂന്ന് അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വിജയകരമായ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. പുതിയ ആക്രമണങ്ങളും പരസ്പര മുന്നറിയിപ്പുകളും യുദ്ധം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്ക ശക്തമാക്കുകയാണ്.
അതേസമയം, ഹൂത്തികളും ആക്രമണവുമായി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെയും പ്രധാന കപ്പൽപ്പാതകളിലെയും സുരക്ഷാ സാഹചര്യം കൂടുതൽ വഷളായി. ബാബ് അൽ മന്ദബ് കടലിടുക്കിൽ സൗദിയുമായി ബന്ധപ്പെട്ട രണ്ട് കപ്പലുകൾ ആക്രമിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു. ലൈല, എൻസലിയ എന്നീ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്നാണ് അവരുടെ വിശദീകരണം. ഇതിൽ ഒരു കപ്പലിന് നേരെയുണ്ടായ ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൂത്തികളെ പ്രേരിപ്പിക്കുന്നത് ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഹൂത്തികളുടെ ആക്രമണം തുടർന്നാൽ സൗദിക്ക് പിന്തുണയായി പാകിസ്ഥാൻ സേന രംഗത്തെത്താൻ സാധ്യതയുണ്ടെന്ന് അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയുമായുള്ള നിലവിലെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് അത്തരമൊരു നീക്കം ഉണ്ടാകാൻ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
