കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾ പെരുമ്പാമ്പിന്റെ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൽ വലിയ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ മറ്റൊരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എം.സി.എഫിൽ സൂക്ഷിച്ചിരുന്ന പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിക്കുന്നതിനിടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് ചാക്കിൽ കൂടുതൽ മാലിന്യങ്ങൾ നിറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ചാക്കിനുള്ളിൽ കെട്ടിയിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്.
പേടിച്ച ജീവനക്കാർ ഉടൻ മാറിനിന്നതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ പാമ്പുകളെ മുമ്പും കണ്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ ബോധപൂർവം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ഹരിത കർമസേനാംഗങ്ങൾ പറഞ്ഞു.
ഇത്തരത്തിലുള്ള ക്രൂരമായ പ്രവൃത്തികൾ ആരും ആവർത്തിക്കരുതെന്നും, വന്യജീവികളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ജീവനക്കാർ അഭ്യർഥിച്ചു.
