കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി ചോർന്ന സംഭവത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി കേൾക്കുന്നതിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയത്. ഇതേത്തുടർന്ന് അതിജീവിതയുടെ ഈ നിർണ്ണായക ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.
വിചാരണക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പലതവണ പരിശോധിക്കപ്പെട്ടതായും ഇതിന് പിന്നിലെ കള്ളക്കളികൾ പുറത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. മുൻപ് നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ജഡ്ജിയുടെ പിന്മാറ്റത്തോടെ പുതിയ ബെഞ്ച് ഈ ഹർജി എന്ന് പരിഗണിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

