Home Nationalആശുപത്രി കിടക്കയിലും പോരാട്ടവീര്യം; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വാങ്ചുക്ക്, പ്രതിഷേധക്കാർക്ക് നന്ദി

ആശുപത്രി കിടക്കയിലും പോരാട്ടവീര്യം; ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വാങ്ചുക്ക്, പ്രതിഷേധക്കാർക്ക് നന്ദി

by news_desk1
0 comments

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എക്‌സിൽ കുറിച്ച അദ്ദേഹം, ഭയം മറികടന്ന് പ്രതിഷേധത്തിനിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി അറിയിച്ചു.

ആശുപത്രി കിടക്കയിൽ നിന്ന് വിജയചിഹ്നം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വാങ്ചുക്കിന്റെ പ്രതികരണം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.

നീറ്റ് പരീക്ഷാ വിവാദങ്ങളും ചോദ്യപേപ്പർ ചോർച്ചയും ചർച്ചയായതോടെ രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധം നടത്തിയ പശ്ചാത്തലത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.

പ്രതിഷേധത്തിന് പിന്നാലെ സർക്കാരിന്റെ തീരുമാനം

സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മന്ത്രിയുടെ രാജി. തുടക്കത്തിൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പ്രതിഷേധക്കാരുടെ പ്രഖ്യാപനത്തെ തുടർന്ന് സർക്കാർ നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയർത്തി സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന സൂചനകളാണ് പുറത്തുവന്നിരുന്നത്. മന്ത്രിയെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ.

You may also like